മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനനായ ഇടംകൈയന്‍ ബാറ്റര്‍ വിനോദ് കാംബ്ലിയുടെ, വൃദ്ധസദനത്തില്നിന്നുള്ള വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഏതാനും വര്‍ഷങ്ങളായി കടുത്ത ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന 54 കാരനായ കാംബ്ലി ഇപ്പോള്‍ താമസിക്കുന്ന വൃദ്ധസദനത്തിന്റെ സൗകര്യങ്ങളെ പ്രകീര്‍ത്തിക്കുന്നതാണ് വീഡിയോ. സംസാരത്തിനിടെ പലപ്പോഴും വാക്കുകള്‍ ഇടറുന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.വൃദ്ധസദനത്തിലാണെങ്കിലും വീട്ടില്‍നിന്ന് അകലെയാണെന്ന് ഒരിക്കലും തോന്നുന്നില്ലെന്നു പറയുന്ന കാംബ്ലി, നടത്തിപ്പുകാരിൽനിന്ന് ധാരാളം സ്നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെന്നും പറയുന്നുണ്ട്.
ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായി മാറുമെന്നായിരുന്നു കരിയറിന്റെ തുടക്കത്തില്‍ കാംബ്ലിയെക്കുറിച്ചുള്ള വിലയിരുത്തൽ. എന്നാല്‍ 104 ഏകദിനങ്ങളും 17 ടെസ്റ്റുകളും നീണ്ട കരിയര്‍ അപ്രതീക്ഷിതമായി അവസാനിക്കുകയായിരുന്നു. അമിത മദ്യപാനം ഉള്‍പ്പടെ ഒട്ടേറെ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നാണു പ്രചാരണം.